27 ജനുവരി 2015

ദേശീയ സ്‌കൂള്‍ മീറ്റില്‍ പുല്ലൂരാംപാറക്ക് ചരിത്ര നേട്ടം.

റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കുന്നു.
            റാഞ്ചിയില്‍ വെച്ചു നടന്ന അറുപതാമത് ദേശീയ സ്‌കൂള്‍ മീറ്റില്‍ പുല്ലൂരാംപാറക്ക് ചരിത്ര നേട്ടം. കേരളം തുടര്‍ച്ചയായ പതിനെട്ടാം കിരീടം ചൂടിയപ്പോള്‍ പുല്ലൂരാംപാറസെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചുണക്കുട്ടികള്‍ മുന്നില്‍ നിന്നു നയിച്ചു. നാലു സ്വര്‍ണ്ണവും മൂന്നു വെള്ളിയുമടക്കം 26 പോയിന്റു നേടി കേരള സ്‌കൂളുകളില്‍ രണ്ടാമതെത്തി, 27 പോയിന്റു നേടിയ പറളി സ്‌കൂളാണ് ഒന്നാമതെത്തിയത്. ഇക്കഴിഞ്ഞ സംസ്ഥാന  സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പുല്ലൂരാംപാറ ആറാം സ്ഥാനത്തായിരുന്നു. 800 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണവും, 800 മീറ്ററില്‍ വെള്ളിയും നേടിയ തെരേസ ജോസഫാണ് മെഡല്‍ വേട്ടയില്‍ ഒന്നാമതെത്തിയത്. 80 മീറ്റര്‍ ഹര്‍ഡില്‍സിലും 4-400 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം നേടിയ അപര്‍ണ റോയിയും,   ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണ്ണവും, ലോംഗ് ജമ്പില്‍ വെള്ളിയും നേടി വിനിജ വിജയനും, 5 കി.മീ. നടത്തത്തില്‍ സ്വര്‍ണ്ണം നേടിയ സുജിത്തും, 3000 മീറ്ററില്‍ വെള്ളി നേടി അലീന മരിയ സ്റ്റാന്‍ലിയും തൊട്ടു പിന്നിലെത്തി. 


        നാഷണല്‍ മീറ്റു കഴിഞ്ഞ് ഇന്നു തിരിച്ചെത്തിയ കായിക താരങ്ങള്‍ക്കും, പരിശീലകനായ ടോമി ചെറിയാനും ഇന്ന് കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലും, തിരുവമ്പാടി ടൌണിലും,  പുല്ലൂരാംപാറയിലും വന്‍ സ്വീകരണമാണു നല്‍കിയത്. കേരളത്തിലെ പ്രശസ്ത കായിക പരിശീലകരിലൊരാളായ പുല്ലൂരാംപാറ സ്വദേശി  ടോമി ചെറിയാന്റെ കീഴില്‍ പരിശീലനം ​നേടിക്കൊണ്ടിരിക്കുന്ന മലബാര്‍ സ്പോര്‍ട്‌സ്   അക്കാദമി താരങ്ങളാണ്, പുല്ലൂരാംപാറയുടെ കുതിപ്പിനു പിന്നില്‍. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരത്ത് നാഷണല്‍ മീറ്റിനുള്ള ക്യാമ്പില്‍ ടോമി ചെറിയാനു കീഴില്‍ ഊര്‍ജിത പരിശീലനത്തിലായിരുന്നു താരങ്ങള്‍.