11 ഡിസംബർ 2014

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പുല്ലൂരാംപാറ ആറാം സ്ഥാനത്ത്.

    തിരുവനന്തപുരത്ത് വെച്ചു നടന്ന അന്‍പത്തെട്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മികച്ച നേട്ടം.    6 സ്വര്‍ണ്ണവും 2 വെള്ളിയും 5 വെങ്കലവും ഉള്‍പ്പെടെ 41 പോയിന്റു നേടി മെഡല്‍ പട്ടികയില്‍ പുല്ലൂരാംപാറ ആറാം സ്ഥാനത്തെത്തി. 2012ലെ സംസ്ഥാന കായിക മേളയില്‍ പത്താം സ്ഥാനവും 2013ല്‍ ഏഴാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. 

മെഡല്‍പ്പട്ടിക
         അതേ സമയം നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍ സ് ഹൈസ്‌കൂള്‍ 3 സ്വര്‍ണ്ണവും 4 വെള്ളിയും 1 വെങ്കലവുമടക്കം 28 പോയിന്റു നേടി മെഡല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്തെത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ ആദ്യ ദിനം സ്വര്‍ണ്ണം നേടി വിനിജ വിജയനാണ്. മെഡല്‍ വേട്ടക്ക് തുടക്കം കുറിച്ചത്. ട്രിപ്പിള്‍ ജമ്പിലും ഒന്നാമതെത്തി വിനിജ വിജയന്‍ ഡബിള്‍ സ്വര്‍ണ്ണം തികച്ചു.  സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലും, 800 മീറ്ററിലും സ്വര്‍ണ്ണവും 400 മീറ്ററില്‍ വെങ്കലവും നേടി തെരേസ ജോസഫ് പുല്ലൂരാംപാറക്കു വേണ്ടി മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തി. 
80 മീ. ഹര്‍ഡില്‍സില്‍ അപര്‍ണ്ണ ഒന്നാം സ്ഥാനത്തേക്ക്

    ദേശീയ റെക്കോര്‍ഡിനെ പിന്തള്ളിക്കൊണ്ട് സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 80 ഹര്‍ഡില്‍സില്‍ അപര്‍ണ റോയ് സ്വര്‍ണ്ണം നേടി അഭിമാനതാരമായി. ജൂനിയര്‍ പെണ്‍കുട്ടികളുടെ നൂറു മീറ്റര്‍ മത്‌സരത്തില്‍ അപര്‍ണ്ണ വെങ്കലം നേടിയിരുന്നു.  സീനിയര്‍ ആണ്‍കുട്ടികളുടെ 5 കി.മീ. നടത്തത്തില്‍ സുജിത് കെ.ആര്‍. സ്വര്‍ണ്ണം നേടി.

   
   സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയിലും, ഷോട്ട്പുട്ടിലും  മരിയ തോമസ് വെള്ളി മെഡല്‍ നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്‌സരത്തില്‍ മരിയ സ്റ്റാന്‍ലിയും, ജൂനിയര്‍ പെണ്‍കുട്ടികളുടെ  ട്രിപ്പിള്‍ ജംപില്‍ ലിസ്ബത്ത് കരോളിന്‍ ജോസഫും വെങ്കലം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 22 പോയിന്റു നേടി പുല്ലൂരാംപാറ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അതേ സമയം ഇടുക്കി വണ്ണപ്പുറം സ്കൂളിനു വേണ്ടി ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ്ണം നേടിയ സച്ചിന്‍ ബിനു പുല്ലൂരാംപാറ സ്വദേശിയാണ്. ദ്രോണാചാര്യ ശ്രീ തോമസ് മാഷിന്റെ കീഴില്‍ പരിശീലനം നടത്തുകയാണ് സച്ചിന്‍ ബിനു.