05 ഒക്‌ടോബർ 2014

റവ.ഫാ.ജെയിംസ് മുണ്ടക്കല്‍ നിര്യാതനായി.

 
    1999-2002 കാലഘട്ടത്തില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഇടവക വികാരിയായിരുന്ന  റവ.ഫാ.ജെയിംസ് മുണ്ടക്കല്‍ (70) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ നടക്കും. പുതുപ്പാടി ഇടവക വികാരിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഇന്നലെ (ഒക്ടോബര്‍ 4) രാവിലെ 10.30 തോടു കൂടി മേരിക്കുന്ന് നിര്‍മ്മല ഹോസ്‌പിറ്റലില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഇന്നലെ  രാത്രി പത്തുമണി മുതല്‍ പുതുപ്പാടി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പൊതു ദര്‍ശനത്തിനു വെച്ച ഭൌതിക ദേഹം ഇന്നു രാവിലെ 7.30 ന്റെ വി.കുര്‍ബാനയ്ക്കു ശേഷം   മാത്യ ഇടവകയായ  തിരുവമ്പാടിലേക്ക്   കൊണ്ടു വരും.  താഴെ തിരുവമ്പാടിയിലൂള്ള സഹോദരന്‍  തോമസ് മുണ്ടക്കലിന്റെ വസതിയിലെത്തിക്കുന്ന ഭൌതിക ദേഹം പൊതു ദര്‍ശനത്തിനു ശേഷം തിങ്കളാഴ്ച്ച രാവിലെ 9.30 തോടു കൂടി സംസ്ക്കാരച്ചടങ്ങുകള്‍ ആരംഭിക്കും. ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ സംസ്‌ക്കാരശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കും

     1999-ല്‍  വേനപ്പാറയില്‍ നിന്ന് പുല്ലൂരാംപാറയില്‍ വികാരിയായി എത്തിയ  റവ.ഫാ.ജെയിംസ് മുണ്ടക്കല്‍ പാരീഷ് ഹാള്‍, യു.പി.സ്കൂള്‍ എന്നിവ പൊളിച്ച്  പുതുക്കിപ്പണിതു. രജത ജൂബിലിയോടനുബന്ധിച്ച് ഹൈസ്കൂള്‍ റിപ്പയറിംഗ്, പെയിന്റിംഗ് എന്നീ പണികള്‍ ചെയ്തു. പുല്ലൂരാംപാറയില്‍ രണ്ടു നിലയുള്ള ഷോപ്പിംഗ് കോപ്ലക്സ് പണിതത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക്  പരിഹാരം കാണുന്നതിന് കര്‍ഷകരുടെ പല സമരങ്ങള്‍ക്കും നേത്യത്വം നല്‍കി. 2002ല്‍ അദ്ദേഹം ചക്കിട്ടപ്പാറയിലേക്ക് സ്ഥലം മാറിപ്പോയി.

               തലശേരി അതിരൂപതയിലെ എടൂര്‍ ഇടവകയില്‍ അസിസ്റ്റന്‍റ്റ് വികാരിയായയി സേവനമാരംഭിച്ച റവ ഫാ.ജെയിംസ് മുണ്ടക്കല്‍  മണിക്കടവ്, ആര്യപ്പറമ്പ്, ചെമ്പനോട, കരിക്കോട്ടക്കരി, വിലങ്ങാട്, മൈലള്ളാംപാറ, കൂടരഞ്ഞി, വേനപ്പാറ, പുല്ലൂരാംപാറ, ചക്കിട്ടപ്പാറ, മരിയാപുരം, കല്ലാനോട്, പുതുപ്പാടി എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. അദ്ധ്യാത്മിക ജീവിത വഴികലിലൂടെ ആത്മസമര്‍പ്പണത്തിന്റെ ഉള്‍ക്കരുത്തുമായി മുന്നേറിയ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വര്‍ണ്ണങ്ങള്‍ക്കും സംഗീതത്തിനും വലിയ സ്ഥനമുണ്ടായിരുന്നു. അച്ചന്‍ ശുശ്രൂഷ ചെയ്ത ഭൂരിഭാഗം  ദേവാലയങ്ങളുടെയും  മദ്ബഹ  അദ്ദേഹം സ്വന്തമായി പെയിന്റു ചെയ്തു മനോഹരമാക്കുമായിരുന്നു. ഗായക സംഘങ്ങള്‍  രൂപീകരിക്കുവാനും  വിശ്വാസികളെ  ഗാനാലാപനത്തിന് ഒരുക്കുവാനും  ജെയിംസ് അച്ചന്‍ എന്നും താല്‍പര്യം കാണിച്ചിരുന്നു.