14 സെപ്റ്റംബർ 2013

ഏകദിന വോളിബോള്‍ ടൂര്‍ണമെന്റില്‍ ഓമശ്ശേരി ടൌണ്‍ ടീം ജേതാക്കളായി.

 
           
          പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ കൊമ്പൌണ്ടില്‍ വെച്ചു നടന്ന രണ്ടാമത് മനോജ് മാത്യു മെമ്മോറിയല്‍ ഏകദിന വോളിബോള്‍ ടൂര്‍ണമെന്റില്‍ ഓമശ്ശേരി ടൌണ്‍ ടീം ജേതാക്കളായി. ഫൈനലില്‍ പുത്തൂര്‍ ടൌണ്‍ ടീമിനെ ഏകപക്ഷീയമായ രണ്ടു സെറ്റുകള്‍ക്കാണ് ഓമശ്ശേരി ടൌണ്‍ ടീം പരാജയപ്പെടുത്തിയത്. മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ചാണ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. രാവിലെ 8.30 ആരംഭിച്ച ടൂര്‍ണമന്റില്‍  മലയോര മേഖലയില്‍ നിന്നുള്ള എട്ടോളം ടീമുകള്‍ മത്സരിച്ചു.


           ദേശീയ താരങ്ങടക്കമുള്ള മികച്ച കളിക്കാരാണ് വിവിധ ടീമുകള്‍ക്കു വേണ്ടി കളത്തിലിറങ്ങിയത്. അത്യന്തം ആവേശകരമായ മത്സരത്തില്‍ വെറ്റിലപ്പാറ ടീമിനെ പരാജയപ്പെടുത്തിയാണ് പുത്തൂര്‍ ടൌണ്‍ ടീമും, ചുണ്ടത്തുംപൊയില്‍ ടീമിനെ പരാജയപ്പെടുത്തി ഓമശ്ശേരി ടൌണ്‍ ടീമും ഫൈനലിലേക്കെത്തിയത്. വൈകുന്നേരം നടന്ന ചടങ്ങില്‍  വിജയികള്‍ക്ക് 5001 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും, റണ്ണേഴ്സ് അപ്പിന് 3001 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുകയുണ്ടായി. പള്ളി വികാരി റവ.അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.