04 ഏപ്രിൽ 2013

ബ്ലോഗുകള്‍ക്കിടയില്‍ പുതുചരിത്രമെഴുതി പുല്ലൂരാംപാറ വാര്‍ത്തകള്‍ മൂന്നാം വര്‍ഷത്തിലേക്ക്........


             ആശയവിനിമയത്തിനുള്ള പുതിയ മാധ്യമായി ബ്ലോഗുകള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്നു പന്തലിച്ചപ്പോള്‍ വേറിട്ട ചിന്തകളുമായി പിറന്നു വീണ പുല്ലൂരാംപാറ വാര്‍ത്തകള്‍ക്ക് രണ്ടു വയസ്സിന്റെ തങ്കത്തിളക്കം. മറ്റു സോഷ്യല്‍ മീഡിയകളെ പോലെ അധികം ജനപ്രീതി പിടിച്ചു പറ്റാന്‍ സാധിച്ചില്ലെങ്കില്‍ കൂടി, ഒരു വെബ്സൈറ്റിന്റെ രൂപത്തില്‍ സൌജന്യമായി ലഭിക്കുന്ന പ്ലാറ്റ്ഫോമിലൂടെ  തങ്ങളുടെ ആശയങ്ങള്‍ ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തിക്കാന്‍ ബ്ലോഗുകള്‍  വഴി  ആളുകള്‍ക്ക് സാധിക്കും എന്ന സാധ്യത മനസ്സിലാക്കിയാണ് പുല്ലൂരാംപാറ വാര്‍ത്തകള്‍ ജന്മമെടുത്തത്. വിദേശത്തും സ്വദേശത്തുമുള്ള നമ്മുടെ നാട്ടുകാര്‍ക്ക് പിറന്ന നാടിന്റെ വിശേഷങ്ങള്‍ വേഗത്തില്‍ അറിയുവാനും കണ്ടു മനസ്സിലാകുവാനുമുള്ള ഒരു മാധ്യമമായി ഈ ബ്ലോഗ് മാറിയപ്പോള്‍ കൂടുതല്‍ പ്രചാരം നേടിയെടുക്കാന്‍ സാധിച്ചു എന്നത് ഞങ്ങള്‍ക്ക് സന്തോഷം നല്കുന്നു. ഫെയ്സ് ബുക്ക് പോലുള്ള  സോഷ്യല്‍ മീഡിയകളുടെ സഹായത്തോടെ കൂടുതല്‍ ആളുകളിലേക്കെത്തിപ്പെടാന്‍ സാധിച്ച പുല്ലൂരാംപാറ വാര്‍ത്തകള്‍ ഒരോ വര്‍ഷവും വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഈ മേഖലയിലുള്ള വലിയ സാധ്യതകള്‍ ഞങ്ങള്‍ മനസിലാക്കുന്നുണ്ടെങ്കിലും, തികച്ചും സജീവമായി എല്ലാ വിഷയങ്ങളിലും ഇടപെടാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്ന വിഷമവും ഇതോടൊപ്പം പങ്കു വെയ്ക്കുന്നു,  ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്  സ്വന്തം നാടിനു വേണ്ടിയുള്ള ഒരു സേവനമായി കണ്ട് തുടര്‍ന്നും വായനക്കാരുടെ മുന്‍പിലേക്കെത്താനാണ് ഞങ്ങള്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ നേരിട്ടും, ഫെയ്സ്ബുക്ക് കമന്റുകളിലൂടെയും, ഷെയറിങ്ങിലൂടെയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാ വായനക്കാര്‍ക്കും പുല്ലൂരാംപാറ വാര്‍ത്തകള്‍ പ്രത്യേകം നന്ദി അര്‍പ്പിക്കുന്നു. തുടര്‍ന്നും  വായനക്കാരുടെ സഹകരണം പ്രതീക്ഷിക്കുന്നു.

                                                                                               ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍