27 മാർച്ച് 2013

പുല്ലൂരാംപാറയില്‍ വാഹനാപകടം : യുവാവിന് പരിക്ക്.



          പുല്ലൂരാംപാറ-പള്ളിപ്പടി റോഡില്‍ കാറും ,ബൈക്കും തമ്മില്‍ കൂട്ടിമുട്ടി യുവാവിന് പരിക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പൂവത്തുങ്കല്‍ സെബാന്റെ വീടിനു സമീപത്തുള്ള ഇറക്കത്തിലായിരുന്നു അപകടം. ആനക്കാംപൊയില്‍ ഭാഗത്തു നിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന കാറും തിരുവമ്പാടി ഭാഗത്തു നിന്നു വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ച്   ടയറുകള്‍ തകര്‍ന്നു പോയി. 


              കൂട്ടിയിടിയുടെ ആഘാതത്തില്‍   തെറിച്ചു പോയ ബൈക്ക് യാത്രികന്റെ കാലൊടിഞ്ഞു. റോഡരികിലുള്ള പുല്ലു നിറഞ്ഞ കാനയിലേക്ക് വീണതു കൊണ്ടു മാത്രമാണ് ബൈക്ക് യാത്രക്കാരന് കൂടുതല്‍ വലിയ പരിക്കുകളുണ്ടാകാതിരുന്നത്. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ കണ്ടപ്പന്‍ചാല്‍ സ്വദേശിയാണ് ഇയാളെ ഓമശ്ശേരിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍  ഗതാഗതം തടസ്സപ്പെട്ടു. അല്പ സമയത്തിനകം പോലീസ് സംഭവ സ്ഥലത്ത് എത്തി വാഹനം റോഡില്‍ നിന്ന് നീക്കി.