15 ജനുവരി 2013

നിലമ്പൂരു നിന്നും കക്കാടംപൊയില്‍ വഴി തിരുവമ്പാടിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു.


              ചാലിയാര്‍ പഞ്ചായത്തിലെ കുറുവന്‍ പുഴയ്ക്കു കുറുകെ നിര്‍മിച്ച മൂലേപ്പാടം പാലം ഉദ്ഘാടനം ചെയ്തതോടെ ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് നിലമ്പൂരു നിന്നും കക്കാടംപൊയിലില്‍ വഴി തിരുവമ്പാടിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു.സ് സര്‍വീസ് ആരംഭിച്ചതോടു കൂടി കക്കാടംപൊയിലില്‍ നിന്ന് ഇനി നിലമ്പൂരേക്കുള്ള ദൂരം ഇരുപതു കിലോമീറ്ററായി കുറയും. കക്കാടംപൊയിലില്‍ നിന്നും ഇതു വഴി  സഞ്ചരിച്ചാല്‍  അകമ്പാടത്തേക്ക് പന്ത്രണ്ടു കിലോമീറ്ററും ചന്തക്കുന്നിലേക്ക് പതിനെട്ട് കിലോമീറ്ററും ദൂരം മാത്രമേയുള്ളൂ.   മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തില്‍പ്പെട്ട ഈ നാട്ടിലെ ആളുകള്‍ക്ക് ഇതുവരെ വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ആസ്ഥാനത്തേക്കും നിലമ്പൂരേക്കുമായി അറുപതോളം കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി  വന്നിരുന്നു.


                 ബസ് സര്‍വീസിന്റെ ഉദ്ഘാടനം മൂലേപ്പാടത്തു നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പു മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍ വഹിച്ചു. കുടിയേറ്റത്തിനു പതിറ്റാണ്ടുകള്‍ക്കു ശേഷം യാഥാര്‍ഥ്യമായ ഈ ബസ് സര്‍വീസിന്റെ ഉദ്ഘാടനം ​ആഘോഷമാക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കം നാടൊന്നടങ്കം മൂലേപ്പാടം പാലത്തിനു സമീപം എത്തിച്ചേര്‍ന്നിരുന്നു. ആദ്യകാല കുടിയേറ്റക്കാരായ ആളുകള്‍ പോലും  പ്രായാധിക്യം വകവയ്ക്കാതെ തങ്ങളുടെ സ്വപനം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം പങ്കുവെക്കാന്‍ ഇങ്ങോട്ടേക്ക് എത്തിച്ചേര്‍ന്നത് ശ്രദ്ധേയമായി.


            നിലമ്പൂര്‍ ഡിപ്പോയിലെ ബസ്സാണ് ഇവിടെ സര്‍വീസിനായി ഉപയോഗിക്കുന്നത് നിലവില്‍ ദിവസം മൂന്നു ട്രിപ്പ് സര്‍വീസാണ് ഈ റൂട്ടിലൂടെ നടത്തുക. ഈ ബസ് സര്‍വീസ് തിരുവമ്പാടി കൂടരഞ്ഞി പഞ്ചായത്തിലുള്ളവര്‍ക്ക് നിലമ്പൂരേക്കും അകമ്പാടത്തേക്കും കുറഞ്ഞ ദൂരത്തില്‍ എത്താന്‍ സഹായകരമാണ്. കക്കാടംപൊയിലിലെ  കോഴിപ്പാറ വെള്ളച്ചാട്ടവും നിലമ്പൂരിലെ ആഡ്യന്‍പാറ വെള്ളച്ചാട്ടവും ഒരേ പാതയില്‍ കോര്‍ത്തിണക്കിയിരിക്കുകയാണ് ഇതോടു കൂടി  കക്കാടംപൊയിലിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വ് കൈവന്നിരിക്കുകയാണ്. ഇനി നിലമ്പൂരു നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് കോഴിപ്പാറ വെള്ളച്ചാട്ടവും, നായാടംപൊയിലിലെ പഴശ്ശി ഗുഹയും സന്ദര്‍ശിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം തെളിഞ്ഞിരിക്കുകയാണ്.

                                                  പത്താം ബ്ലോക്കില്‍ നിന്നുള്ള കാഴ്ച്ച
            ഇരുപതു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കക്കാടംപൊയില്‍-നിലമ്പൂര്‍ യാത്ര ഇതു വഴി സഞ്ചരിക്കുന്നവര്‍ക്ക് വേറിട്ടൊരനുഭവമാകും. വനത്തിനു സമീപത്തുകൂടിയും ചില സ്ഥലങ്ങളില്‍ വനത്തിനുള്ളിലൂടെയുമാണ് ബസ് കടന്നു പോകുന്നത്. കൂടാതെ മുളങ്കൂട്ടങ്ങളും റബ്ബര്‍ മരങ്ങളും തണല്‍ വിരിച്ച പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ പന്തീരായിരം വനത്തിന്റെ പ്രക്യതിരമണീയമായ കാഴ്ചകള്‍ യാത്രക്കാര്‍ക്ക് ഏറെ ഹരം പകരും.

വെണ്ടേക്കുംപൊയിലില്‍ നിന്നും കക്കാടംപൊയിലേക്കുള്ള കയറ്റം