15 ജനുവരി 2013

മലയോരം ഉത്സവാന്തരീക്ഷത്തില്‍ കന്നി ബസ്സിനെ വരവേറ്റു


         നിലമ്പൂര്‍ കക്കാടംപൊയില്‍ ബസിന്റെ കന്നി യാത്ര മലയോരത്തിന്റെ ഉത്സവമായി  മാറി. മൂലേപ്പാടം പാലം ഉദ്ഘാടനം കഴിഞ്ഞതോടെ ഒരു ജനതയുടെ പതിറ്റാണ്ടുകള്‍ നീണ്ട യാത്രാ ദുരിതങ്ങള്‍ക്കു പരിഹാരമായി മാറിയ ബസ് സര്‍വീസിനെ എതിരേല്‍ക്കുവാന്‍ കക്കാടംപൊയില്‍ പ്രദേശത്തു നിന്നും നാടൊന്നടങ്കം ഉദ്ഘാടനം നടന്ന മൂലേപ്പാടം പാലത്തിനു സമീപം എത്തിച്ചേരുകയുണ്ടായി.  


            രാവിലെ പത്തരയോടെ ആരംഭിച്ച  ചടങ്ങിന് മുന്‍പ് മന്ത്രിമാരെ ഉത്സവാന്തരീക്ഷത്തില്‍ ഘോഷയാത്രയോടു കൂടി പാലത്തിനരികിലേക്ക് ആനയിക്കുകയായിരുന്നു. മലമുകളില്‍ നിന്നും ജീപ്പുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലുമായി പാലം ഉദ്ഘാടനത്തിനും ബസ്സ് സര്‍വീസ് ഉദ്ഘാടനത്തിനുമായ എത്തിയ ജനങ്ങള്‍ ചടങ്ങിനു ശേഷം കന്നി ബസ് സര്‍വീസിനെ ആഘോഷ പൂര്‍വ്വം നിരവധി വാഹങ്ങളുടെ അകമ്പടിയോടെ മലമുകളിലെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് ആനയിക്കുകയായിരുന്നു.


        വെണ്ടേക്കുംപൊയില്‍ അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ ബസ് ഡ്രൈവറെയും കണ്ടകടറെയും പൂമാലകള്‍ നല്കി സ്വീകരിക്കുകയുണ്ടായി. വെണ്ടേക്കുംപൊയില്‍ ഗ്രാമം മുഴുവന്‍ അങ്ങാടിയിലേക്ക് ഒഴുകിയെത്തിയിരുന്നു. വെണ്ടേക്കുംപൊയിലില്‍ സ്ഥിതി ചെയ്യുന്ന മൂലേപ്പാടം ഗവണ്‍മെന്റ് പ്രൈമറി സ്കൂളിലെ കുട്ടികള്‍ കന്നി ബസ്സിന് അഭിവാദ്യമര്‍പ്പിച്ച് അണി നിരന്നത് കൌതുകമായി.  ഇവിടെ ആയിരത്തോളം ആളുകള്‍ക്കുള്ള പായസ്സ വിതരണവും നടത്തി  തങ്ങളുടെ സന്തോഷം ഈ ഗ്രാമം പങ്കു വെക്കുകയുണ്ടായി.


      തുടര്‍ന്ന് വെണ്ടേക്കുംപൊയിലില്‍ നിന്നും കക്കാടംപൊയിലെത്തിയ ബസ്സിന. അങ്ങാടിയില്‍ സ്വീകരണം നല്കുകയുണ്ടായി. ഇവിടുത്തെ സ്വീകരണങ്ങള്‍ക്കു ശേഷം ബസ്സ് സര്‍വീസ് അവസാനിക്കുന്ന കോഴിപ്പാറ ജംഗ്ഷനില്‍ വെച്ച് നാടുകാരുടെയും വാളംതോട് ട്രൈബല്‍ എല്‍.പി. സ്കൂളിലെ വിദ്യാര്‍ത്ഥികളുടെയും നേത്യത്വത്തില്‍  സ്വീകരണം നല്കുകയുണ്ടായി. നോട്ടുമാലകളും, ബൊക്കകളും കൊണ്ട് ബസ്സ് ഡ്രൈവറെയും,കണ്ടകടറെയും സ്വീകരിച്ചു.   മധുരം വിതരണം നടത്തുകയുണ്ടായി. സ്വീകരണച്ചടങ്ങില്‍ കക്കാടംപൊയിയില്‍ പള്ളിയിലെ ആദ്യകാല വികാരിയും, വികസന നായകനുമായ തെക്കെക്കുളം  അച്ചനും, തോട്ടപ്പള്ളി വികാരിയും പ്രമുഖ ഗാന്ധിയനുമായ ചാണ്ടി കുരിശുംമൂട്ടിലച്ചനും പ്രംഗിക്കുകയുണ്ടായി. മൂലേപ്പാടം മുതല്‍ കോഴിപ്പാറ വരെ ബസ്സിനൊപ്പം സഞ്ചരിച്ച് ഇവര്‍  ആഘോഷങ്ങളില്‍  പങ്കുചേര്‍ന്നത് നാട്ടുകാര്‍ക്ക് ആവേശമായി.



          ഈ റോഡ് ബസ് സര്‍വീസിന് അനുയോജ്യമല്ലെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും,  മൂലേപ്പാടം മുതല്‍ കക്കാടം പൊയില്‍ വരെയുള്ള കുത്തനെയുള്ള കയറ്റവും വളവുകളുമെല്ലാം ആളുകള്‍ കുത്തി നിറഞ്ഞ അവസ്ഥയില്‍ പോലും ബസ് അനായാസമായി കയറിപോരുകയുണ്ടായി. ബസ്സിന്റെ വരവ് കാത്ത് ഈ റോഡിന്റെ വളവുകളിലും കയറ്റങ്ങളിലും കാത്തു നിന്ന ആളുകള്‍ തങ്ങളുടെ ആശങ്കകള്‍ അസ്ഥാനത്താണെന്ന് തിരിച്ചറിഞ്ഞ് സന്തോഷം പങ്കു വെക്കുന്നതു കാണാമായിരുന്നു.