19 സെപ്റ്റംബർ 2012

ഏത് ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കണം ?


            ഈ ഒരു ചോദ്യം പല ആളുകളില്‍ നിന്നുമായി  കുറെ നാളുകളായി  ഞാന്‍ അഭിമുഖീകരിക്കുകയാണ്. അതു കൊണ്ടു തന്നെ ബ്ലോഗില്‍ ഒരു ലേഖനമെഴുതുവാന്‍ ആരംഭിച്ചെങ്കിലും, തലക്കെട്ട് എഴുതി വെച്ചതല്ലാതെ പിന്നീട് അത്  പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. പിന്നെ എന്തു കൊണ്ട് ഇപ്പോള്‍ ഇതിനെക്കുറിച്ച് എഴുതുന്നു എന്നു ചോദിച്ചാല്‍,  കഴിഞ്ഞ രണ്ടു മൂന്നു. ദിവസങ്ങളായി പുല്ലൂരാംപാറ ഉള്‍പ്പെടെയുള്ള മലയോര മേഖലയിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വീസ് തകരാറിലായിരുന്നു. ഇതു മൂലം അക്ഷയ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഇന്റര്‍നെറ്റ് കഫേകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു. കൂടാതെ പുല്ലൂരാംപാറ ഉള്‍പ്പെടെയുള്ള മലയോര മേഖലയില്‍ വീട്ടിലിരുന്ന് കണ്ടന്റ് റൈറ്റിംഗ്, ഡാറ്റാ എന്‍ട്രി വര്‍ക്കുകള്‍ ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്ന നിരവധി ആളുകളുടെ ജോലിക്ക് തടസ്സവും നേരിട്ടു. ഇന്ത്യയിലെ ഒരു ഗ്രാമ പ്രദേശമായ നമ്മുടെ നാട് ഇന്റര്‍നെറ്റിന്റെ ഉപയോഗ സാധ്യത എത്രമാത്രം പ്രയോജനപ്പെടുത്തി എന്നതിന്റെ ഒരു തെളിവാണ് ഈ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നുണ്ടായ കഷ്ടപ്പാടുകള്‍.
           ഇന്ന് ഇന്റര്‍നെറ്റ് നമ്മുടെ സാധാരണ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ആധുനിക ലോകത്തെ  ശക്തിയുള്ള മാധ്യമാണ്.  നമ്മുടെ നാടും ഈ ആഗോളീകരണ കാലത്ത് ആധുനിക സൌകര്യങ്ങളെ ഏറ്റവും വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ഇ ഗവേണ്‍ന്‍സ് പദ്ധതിയും, സ്കൂളുകളില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന  ഐ.റ്റി. വിദ്യാഭ്യാസ പദ്ധതിയും, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വേതന വ്യവസ്ഥകളും, വിവിധ തരം ​മത്സരപ്പരീക്ഷകളുടെ രജിസ്ട്രേഷനുകള്‍ ഓണ്‍ലൈന്‍ വഴിയാക്കിയതും,  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍  വഴി ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയതും, ഇന്റര്‍നെറ്റ് എന്ന സംവിധാനത്തെ കൂടുതല്‍ ആളുകളിലേക്കെത്തിക്കുവാനും, ജനകീയമാക്കുവാനുമുള്ള അധികാരികളുടെ പരിശ്രമമാണ്. ഇതു കൊണ്ടു തന്നെ ടി.വി. എന്നതു പോലെ തന്നെ ഇന്ന് നമ്മുടെ നാട്ടില്‍ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനോടു കൂടിയുള്ള കമ്പ്യൂട്ടറുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
                 കഴിഞ്ഞ ഒരു വര്‍ഷമായി  നമ്മുടെ നാട്ടില്‍ ഇന്റര്‍നെറ്റ് ഉപയോഗം കൂടിയതിനു പ്രധാന കാരണങ്ങള്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ ചിലവ് കുറഞ്ഞതും, സേവനങ്ങള്‍ മെച്ചപ്പെട്ടതുമാണ്. കൂടാതെ  സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വേതന വ്യവസ്ഥകള്‍ ഓണ്‍ലൈന്‍ (SPARK) വഴിയാക്കിയതും, വിദേശത്ത് ബന്ധുക്കളെ നാട്ടിലിരുന്ന് നേരില്‍ കണ്ടു സംസാരിക്കുന്നതിനും, വിദ്യാഭ്യാസ സംബന്ധമായ ഉപയോഗവും ഇന്റര്‍നെറ്റ് കണക്ഷന്‍ വര്‍ദ്ധിക്കാന്‍ കാരണമായി. എങ്കിലും  കുട്ടികള്‍ വഴിതെറ്റി പോകുമോ എന്നു പേടിച്ച് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വേണ്ട എന്നു തീരുമാനിച്ചിരിക്കുന്ന നിരവധിയാളുകളും നമ്മുടെ നാട്ടിലുണ്ട്.
               ഇന്റര്‍നെറ്റ് ജനകീയമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഏത് കണക്ഷന്‍ എടുക്കണം? എന്റെ പ്രദേശത്ത് ഏതു കണക്ഷനാണ് ലഭ്യമായിട്ടുള്ളത്? ഏതു പ്ലാന്‍ തിരഞ്ഞെടുക്കണം?  തുടങ്ങി നിരവധി പ്രശ്നങ്ങളാണ് പുതിയതായി കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ നേരിടുന്നത്. പലപ്പോഴും ശരിയായ തീരുമാനം എടുക്കാനാകാതെ കഷ്ടപ്പെടുന്നവരുമുണ്ട്. ഇത്തരം ആളുകള്‍ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുന്നുണ്ട്. പ്രത്യേകിച്ചും ബ്രോഡ് ബാന്‍ഡ് കണക്ഷനെടുത്ത ശേഷം തിരഞ്ഞെടുത്ത പ്ലാനിനെക്കുറിച്ച് മനസിലാക്കാതെ തുടര്‍ച്ചയായി ഉപയോഗിച്ച് വലിയ തുകയുള്ള ടെലഫോണ്‍ ബില്ലുകള്‍ ക്ഷണിച്ചു വരുത്തുന്നു. അടുത്ത കാലം വരെ പ്ലാന്‍ നോക്കാതെ വീഡിയോകളും  പാട്ടുകളും ഡൌണ്‍ ലോഡ് ചെയ്ത് പതിനായിരങ്ങളുടെ ബില്ലാണ് പലര്‍ക്കും ആദ്യമാസം ലഭിച്ചത്(ലിമിറ്റഡ് പ്ലാനുകളില്‍). പക്ഷെ  ഇപ്പോള്‍ ചാര്‍ജുകള്‍ കുറഞ്ഞതിനാല്‍ അധിക ഉപയോഗമായ ഓരോ  ജിബിക്കും 200 രൂപ വീതം നല്കിയാല്‍ മതി. ആദ്യം ഇത് ഓരോ ജിബിക്കും 600 രൂപ വീതമായിരുന്നു.
             പുതിയ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാനാഗ്രഹിക്കുന്നവര്‍ ആദ്യം എന്ത് ഉദ്യേശ്യത്തോടു കൂടിയാണ് കണക്ഷന്‍ എടുക്കുന്നത് എന്നത് പരിഗണിക്കണം, കൂടാതെ ലാന്‍ഡ് ലൈന്‍ വഴിയുള്ളതു വേണമോ വയര്‍ലസ് ആയിട്ടുള്ള സര്‍വീസുകളെ ആശ്രയിക്കണമോ എന്നു തീരുമാനിക്കണം. ഇമെയിലുകള്‍ നോക്കാന്‍ മാത്രമാണെങ്കില്‍ മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റെര്‍നെറ്റ് സര്‍വീസ് തിരഞ്ഞെടുത്താല്‍ മതി. അതേ സമയം വീഡിയോ  ഡൌണ്‍ലോഡിംഗും സോസോഫ്റ്റ് വെയര്‍  ഡൌണ്‍ലോഡിംഗും  ആണെങ്കില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ തന്നെ എടുക്കണം. 
                ടെലഫോണ്‍ കേബിള്‍ വഴിയും, WLL - വയര്‍ലസ് ലോക്കല്‍ ലൂപ്  (റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ച്) സര്‍വീസ് വഴിയും,  രണ്ടാം തലമുറ (2ജി-GSM) മൊബൈല്‍ ഫോണുകളിലെ ജി.പി.ആര്‍.എസ്. (2.5ജി), എഡ്ജ് (2.75ജി), CDMA  ഫോണുകളിലെ  CDMA 1x (up to 144 kbps)തുടങ്ങിയ  സംവിധാനങ്ങളും  വഴിയാണ് ഇപ്പോള്‍  മലയോര  മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്. 3 ജി സര്‍വീസും, CDMA (മൊബൈല്‍ ഫോണ്‍) ടെക്നോളജിയിലെഏറ്റവും പുതിയ  വയര്‍ലസ് ബ്രോഡ്ബാന്‍ഡ് ആയ EVDOയും (upto 3.1 Mbps- wireless transmission of data through radio signals) നാലാം തലമുറ വയര്‍ലസ് ബ്രോഡ്ബാന്‍ഡ് സേവനമായ വൈമാക്സും (upto 7Mbps and it will increase speed upto 25Mbps near future) ഇതു വരെയും കേരളത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. അതേ സമയം ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ മറ്റൊരു  ബ്രോഡ്ബാന്‍ഡ് സര്‍വീസ് (100 മെഗാബൈറ്റു വരെ) സംവിധാനമായ FTTH (Fiber To The Home -ജിപോണ്‍)  ഈ വര്‍ഷം തുടക്കത്തില്‍   കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. HD ടി.വി., 3D ടി.വി.  ഇന്റെര്‍നെറ്റ്, ഐപിടിവി, ഫോണ്‍ എന്നിവ ഒരുമിച്ച് നല്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.  HD ഉള്ളടക്കങ്ങള്‍ നിലവിലുള്ള ചെമ്പു കേബിള്‍ വഴി നല്കാന്‍ സാധിക്കില്ല. 3ജി സര്‍വീസ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്‍പു തന്നെ ഇന്ത്യയില്‍ 4ജി (LTE) ബ്രോഡ് ബാന്‍ഡ് സേവനങ്ങളും നല്കാന്‍ ആരംഭിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ വയര്‍ലസ് ബ്രോഡ് ബാന്‍ഡ് രംഗത്ത് ആധിപത്യം 4ജിക്കായിരിക്കുമെന്നാണ് കരുതുന്നത്.   
                        3ജി സര്‍വീസ് ലേലം കൊണ്ടിടുള്ള പ്രൊവിഡര്‍മാര്‍ ഈ വര്‍ഷം  അവസാനത്തോടെ 3ജി സര്‍വീസ് ഗ്രാമപ്രദേശങ്ങളിലേക്കും  വ്യാപിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ബി.എസ്.എന്‍.എല്‍.ന്റെ വൈമാക്സ്സ് സംവിധാനം  ഏകദേശം ഒരു വര്‍ഷം മുന്‍പ് മുതല്‍ കോഴിക്കോട് ജില്ലയില്‍ നഗരത്തിലും, താമരശ്ശേരിയിലും സര്‍വീസ് ആരംഭിച്ചിരുന്നു എങ്കിലും അതത്ര കണ്ട് ജനപ്രിയമായില്ല. കേബിള്‍ ടി.വി. വഴിയുള്ള ബ്രോഡ്ബാന്‍ഡ് സര്‍വീസ്  കേരളത്തിലെ പ്രധാനപ്പെട്ട ടൌണുകളിലെല്ലാം ഇപ്പോള്‍ ലഭ്യമാണ്. മലയോര മേഖലയിലേക്കും കേബിള്‍ ടി.വി. വഴി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്  (ETTH - ETHERNET TO THE HOME technology-200mbps) നല്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
                    മലയോര മേഖലയില്‍ മികച്ച ഇന്റര്‍നെറ്റ് കണക്ഷന്‍ ആഗ്രഹിക്കുന്നവര്‍ ടെലഫോണ്‍ കേബിള്‍ വഴിയുള്ള സര്‍വീസ് തിരഞ്ഞെടുക്കുന്നതാണ് ഇപ്പോള്‍  ഉത്തമം. തിരഞ്ഞെടുക്കുവാന്‍ നിരവധി പ്ലാനുകളും, മികച്ച സേവനവും, കൂടുതല്‍ വേഗതയും, കുറഞ്ഞ ചിലവും  ഇതിന്റെ പ്രത്യേകതയാണ്. ടെലഫോണ്‍ കേബിള്‍ വഴി രണ്ടു തരത്തിലൂള്ള സര്‍വീസുകളാണ് ലഭ്യമായിട്ടുള്ളത്. ഒന്ന് അനലോഗ് സര്‍വീസ് ആയ പഴയ ഡയലപ് കണക്ഷനും, മറ്റൊന്ന് ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനും. ഇതില്‍ ഡയലപ് എല്ലാവരും ഉപേക്ഷിച്ചു കഴിഞ്ഞ മട്ടാണ്. ഇപ്പോള്‍ ഏറ്റവും പ്രചാരത്തിലുള്ളത് ബ്രോഡ്ബാന്‍ഡ് കണക്ഷനാണ്. 256 Kbps മുതല്‍ 24Mbps വരെ വേഗതയുണ്ട് ഇതിന്. (പക്ഷെ ഡൌണ്‍ലോഡിംഗ് ചെയ്യുമ്പോള്‍ പത്തിലൊന്നു വേഗത പ്രതീക്ഷിച്ചാല്‍ മതി, ആദ്യകാലങ്ങളില്‍  പറയുന്നതിന്റെ രണ്ടിലൊന്നു ഡൌണ്‍ലോഡിംഗ് വേഗത വരെ ലഭിക്കുമായിരുന്നു)  മലയോര മേഖലയില്‍ ഉള്‍പ്രദേശങ്ങളില്‍ വരെ ടെലഫോണ്‍ കേബിള്‍ വഴി ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കിയിട്ടുള്ളത് ബി.എസ്.എന്‍.എല്‍ മാത്രമാണ്.
             അതേ സമയം റിലയന്‍സ് പോലുള്ള പ്രൈവറ്റ് കമ്പനികള്‍ തിരുവമ്പാടി, കോടഞ്ചേരി, മുക്കം  മുതലായ ടൌണുകളുടെ പരിധിക്കുള്ളില്‍ മാത്രമേ ഈ സേവനങ്ങള്‍ നല്കുന്നുള്ളൂ. കൂടാതെ ബി.എസ്.എന്‍.എല്‍. ബ്രോഡ് ബാന്‍ഡ് ഐ.പി.ടി.വി. അടക്കമുള്ള സംവിധാനങ്ങള്‍ മലയോര മേഖലയിലെ എല്ലാ എക്സ്ചേഞ്ചുകളിലും നടപ്പാക്കിയിട്ടുണ്ട്. അതായത് ടിവി ചാനലുകള്‍ ടെലഫോണ്‍ കേബിള്‍ വഴി നമ്മുടെ സ്വീകരണ മുറിയിലെത്തുന്ന സംവിധാനം. മൊബൈല്‍ ഫോണ്‍ വഴിയും  യു.എസ്.ബി. ഡോങ്കിളുകള്‍ വഴിയും ലഭ്യമാകുന്ന ഇന്റര്‍നെറ്റിന് (GPRS,EDGE,CDMA 1x) അത്ര പ്രിയം പോര, വേഗത കുറവെന്നതും, തടസ്സങ്ങളും, റേഞ്ചു പ്രശ്നങ്ങളും ആളുകളില്‍ മടുപ്പുളവാക്കുന്നു. 128Kbps വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും പത്തിലൊന്നു പോലും വേഗത ലഭിക്കാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പ്രധാനമായും ഇമെയില്‍ പരിശോധിക്കാനേ  ഈ കണക്ഷനുകള്‍ കൊണ്ടു സാധിക്കൂ. 3G സര്‍വീസ് ആരംഭിക്കുന്നതോടെ ഈ സംവിധാനങ്ങള്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. WLLന്റെയും സ്ഥിതി ഇതു തന്നെ 128 Kbps മുതല്‍ 144 Kbps വരെ വാഗ്ദാനം നല്കുന്നുണ്ടെങ്കിലും മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ കൊണ്ടു തന്നെ ഇതും ആകര്‍ഷകമല്ല.
            ബി.എസ്.എന്‍.എല്‍.ന്റെ ബ്രോഡ്ബാന്‍ഡ്, നിരക്കുകള്‍ കുറച്ചും, വേഗത കൂട്ടിയും    ഇപ്പോള്‍ ഏറെ ആകര്‍ഷകമാണ്. പുല്ലൂരാംപാറയില്‍ 2007 മുതല്‍ തന്നെ ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. അടുത്തയിടെ ഇവിടെ അനുവദിച്ചിരുന്ന കണക്ഷനുകള്‍ തീര്‍ന്നു പോയതിനാല്‍ പുതിയ ബോര്‍ഡ് സ്ഥാപിക്കുകയുണ്ടായി. അതു കൊണ്ടു തന്നെ ഇപ്പോള്‍ ആവശ്യക്കാര്‍ക്ക് ( ടെലഫോണ്‍ കേബിള്‍ ഉള്ളവര്‍ ) പെട്ടെന്നു തന്നെ കണക്ഷന്‍ ലഭ്യമാക്കുന്നുണ്ട്. കൂടാതെ നാടിന്റെ ഏതു മുക്കിലും മൂലയിലും വരെ ബ്രോഡ് ബാന്‍ഡ് നല്കാനും ബി.എസ്.എന്‍.എലിന് ഇപ്പോള്‍ ശേഷിയുണ്ട്. കൂമ്പാറ എക്സ്ചേഞ്ചിനു കീഴിലുള്ള കക്കാടംപൊയിലില്‍ ദൂരക്കൂടുതല്‍ കാരണം ബൂസ്റ്ററുകള്‍ അവിടെ സ്ഥാപിച്ച് മൂന്നു വശങ്ങളും വനത്താല്‍ ചുറ്റപ്പെട്ട ഉള്‍പ്രദേശങ്ങളില്‍ വരെ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. അപൂര്‍വമായി മാത്രം ഉണ്ടാകുന്ന തകരാറുകളൊഴിച്ച് മികച്ച ബ്രോഡ്ബാന്‍ഡ് (ടെലഫോണ്‍ അല്ല) സേവനം നല്കുന്ന ബി.എസ്.എന്‍.എല്‍.  ആണ് മലയോര മേഖലയിലെ ഉപഭോക്താവിനെ  സംബന്ധിച്ചോളം ആദ്യ ചോയിസ് .

 മികച്ച ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ്  പ്ലാനുകള്‍ ഏതൊക്കെയാണ് ? തുടരും ............


സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍  
     ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍ 

( ടെക്,ടിപ്സ് തുടങ്ങിയ ലേബലുകളിലെ ബ്ലോഗ് പോസ്റ്റുകള്‍ ലേഖകന്റെ അഭിപ്രായങ്ങളും,കണ്ടെത്തലുകളും  മാത്രമാണ്. ഇത് മറ്റെവിടെ നിന്നും പകര്‍ത്തി എഴുതിയിട്ടുള്ളവയല്ല.)