29 ജൂലൈ 2012

വിസ്മയക്കാഴ്ചയൊരുക്കി പുല്ലൂരാംപാറയില്‍ ഇരവഞ്ഞിപ്പുഴയിലൂടെ കയാക്കിംഗ് ....


            അഡ്വഞ്ചര്‍ ടൂറിസത്തിന് സാധ്യതകള്‍ ഏറെയുള്ള ഇരവഞ്ഞിപ്പുഴയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന കയാക്കിംഗ് നാട്ടുകാര്‍ക്ക് വിസ്മയ കാഴ്ചയായി. ഇരവഞ്ഞിപ്പുഴയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തിനു  താഴെ പതങ്കയം  മുതല്‍ പുല്ലൂരാംപാറ പള്ളിപ്പടി പാലം വരെ കഴിഞ്ഞ വെള്ളിയാഴ്ചയും, ഇന്നുമായി രണ്ടു ദിവസം വിദേശിയരും സ്വദേശിയരും ഉള്‍പ്പെടെയുള്ള അഞ്ചു കയാക്കിംഗ് തുഴച്ചിലുകാര്‍ മലവെള്ളപ്പാച്ചിലിലൂടെ സാഹസികമായി തുഴഞ്ഞു നീങ്ങി. ടിവിയിലും മറ്റും കണ്ടു പരിചയിച്ചിട്ടുള്ള ഈ കാഴ്ച കാണാന്‍ നിരവധിയാളുകളാണ് ഇരവഞ്ഞിപ്പുഴയുടെ തീരങ്ങളില്‍ തിങ്ങിക്കൂടിയത്.



                    ഇറ്റലിയും നിന്നും എത്തിയ ജേക്ക്പോ നൊര്‍ഡോറയും, മാത്യു ബാസിനിയുടെയും നേത്യത്വത്തിലാണ്. വടക്കേ ഇന്ത്യക്കാരായ മൂന്ന് യുവാക്കളും  ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം     അതിസാഹസികമായി ഇരവഞ്ഞിപ്പുഴയില്‍ കയാക്കിംഗ് നടത്തിയത്. ടീം ക്യാപ്റ്റനായ ഇറ്റലിക്കാരന്‍  ജേക്കബോ നൊര്‍ഡേറയുടെ കീഴില്‍ ബാംഗ്ലൂരും പൂനയിലുമായി സൌത്തേണ്‍ റിവര്‍ റണ്ണേഴ്സ് എന്ന പേരില്‍ കയാക്കിംഗ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്.

                           
               ഇന്റര്‍നെറ്റില്‍ ഗൂഗിള്‍മാപ് പരിശോധനയിലൂടെ ഇരവഞ്ഞിപ്പുഴ കണ്ടെത്തിയാണ് ഈ സംഘം ഇവിടെയെത്തിയത്. ഇരവഞ്ഞിപ്പുഴ കൂടാതെ തുഷാരഗിരിയില്‍ നിന്നും പുറപ്പെടുന്ന ചാലിപ്പുഴയിലെ കോടഞ്ചേരി ഭാഗത്തും ഇവര്‍ കയാക്കിംഗ് നടത്തിയിരുന്നു. ഈ വര്‍ഷം തന്നെ നവംബര്‍, ഒക്ടോബര്‍  മാസങ്ങളില്‍ ഇരവഞ്ഞിപ്പുഴയിലും, ചാലിപ്പുഴയിലും കയാക്കിംഗ് നടത്താന്‍ ഇതേ സംഘം വീണ്ടും എത്തും.