14 മാർച്ച് 2012

ഇന്ത്യയില്‍ 4G ബ്രോഡ് ബാന്‍ഡ് വിപ്ലം വരുന്നൂ...........


     ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ്ഘടനയും, വിവര സാങ്കേതിക രംഗത്തെ അതികായകരായി ഉയര്‍ന്നു വരുന്ന രാജ്യവുമായ ഇന്ത്യ, ഇപ്പോഴും അതിന്റെ 90 ശതമാനം ജനങ്ങളും കംപ്യൂട്ടര്‍ നിരക്ഷരരായിരിക്കുമ്പോള്‍, ഈ രംഗത്ത് ഇന്ത്യയില്‍  വിപ്ലവം സാധ്യമാക്കാന്‍ അതിവേഗ 4G വയര്‍ലസ്സ് ബ്രോഡ്ബാന്‍ഡുമായി രംഗത്തുകയാണ്  റിലയന്‍സ് ഇന്‍ഡ്രസീസ്. 

       വരും വര്‍ഷങ്ങളില്‍ രാജ്യത്ത് ബ്രോഡ്ബാന്‍ഡ്  സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് (2012 അവസാനത്തോടെ മെട്രൊ നഗരങ്ങളും 2014 അവസാനത്തോടെ മറ്റു പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് വ്യാപകമാക്കാനാണു കേന്ദ്ര സര്‍ക്കാര്‍  ലക്ഷ്യമിടുന്നത്) അതിനെ ത്വരിതപ്പെടുത്തപ്പെടുത്തുന്ന രീതിയിലുള്ള നടപടികളുമായി സ്വകാര്യ മേഖലയും മുന്നോട്ടു വരുന്നത്. ത്രീജി സേവനം ഇന്ത്യയില്‍  വേരു പിടിക്കുന്നതിനു മുമ്പു തന്നെ 4G ടെക്നോളജിയുമായി വയര്‍ലസ്സ്  ബ്രോഡ് ബാന്‍ഡ് രംഗത്തേക്ക്  ഇന്‍ഫോടെല്‍ എന്ന കമ്പനിയുമായി റിലയന്‍സ് കടന്നു വരുന്നത് ഇന്റര്‍നെറ്റ്  ബ്രൌസിംഗ് വേഗത ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ ഉപഭോക്താക്കളെ സന്തോഷിപ്പിക്കും. ഇന്ത്യയിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുമായി സഹകരിച്ചാണ് റിലയന്‍സ് അതിവേഗ ബ്രോഡ് ബാന്‍ഡ് സര്‍വീസ് ആരംഭിക്കുന്നത്. ഇവരുടെ ഫൈബര്‍ ഒപ്റ്റിക്കല്‍ ശ്യംഖല ദീര്‍ഘ കാലത്തേക്ക് വാടകക്കെടുത്തോ,വാങ്ങിയോ ആണ് ബ്രോഡ് ബാന്‍ഡ് സേവനം ആരംഭിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു.
            50 മുതല്‍ 100 മെഗാബൈറ്റ് (Mbps) വേഗതയില്‍ ഡാറ്റാ കണക്ടിവിറ്റിയാണ് 4G ബ്രോഡ് ബാന്‍ഡ് സര്‍വീസിലൂടെ ലഭിക്കുന്നത്, അതേ സമയം 3Gയില്‍ ഇതു 3 മുതല്‍ 21 മെഗാബൈറ്റ് (Mbps)വരെ മാത്രമാണ്. 3G അപേക്ഷിച്ച് വളരെ വേഗത്തില്‍ HD വീഡിയോകളും ഡാറ്റകളും 4G വഴി ഡൌണ്‍ലോഡു ചെയ്യാം.  തുടക്കത്തില്‍ 3500 രൂപയ്ക്കു 4G ടാബ്ലറ്റും (വിപണിയില്‍ നിലവിലുള്ളവയുടെ നാലിലൊന്നു വിലയ്ക്ക്, ആകാശ് ടാബ്ലറ്റ് നിര്‍മിക്കുന്ന കനേഡിയന്‍ കമ്പനി ഡാറ്റവിന്‍ഡ് ആണ് റിലയന്‍സിനു വേണ്ടി ഈ ടാബ്ലറ്റ് നിര്‍മിക്കുന്നത്) 10 രൂപയ്ക്കു 1 ജി.ബി. ഡാറ്റ സേവനവും നല്കി ഇന്റര്‍നെറ്റ് രംഗത്ത് വിപ്ലവം സ്യഷ്ടിക്കാനാണ് റിലയന്‍സ് ഒരുങ്ങുന്നത്. 2012 ജൂണോടു കൂടി സര്‍വീസ് ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ 5 ബില്ല്യണ്‍ ഡോളര്‍ ആണ് ബ്രോഡ് ബാന്‍ഡ് സര്‍വീസിനായി റിലയന്‍സ് മുടക്കുന്നത്. 2002ലെ ടെലികോം മേഖലയില്‍  പ്രവേശിച്ചതു പോലെ ബ്രോഡ് ബാന്‍ഡ് മേഖലയിലും ചുവടുറപ്പിക്കാമെന്നാണു റിലയന്‍സിന്റെ കണക്കു കൂട്ടല്‍. 2002ല്‍  500 രൂപയ്ക്കു മൊബൈല്‍ ഫോണും കണക്ഷനും നല്കിയാണു റിലയന്‍സ് മൊബൈല്‍  വിപണിയിലെത്തിയത്.


           4G വയര്‍ലസ്സ് ബ്രോഡ് ബാന്‍ഡ് രംഗത്ത് ഇന്റര്‍നാഷണല്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ അംഗീകരിച്ച സ്റ്റാന്‍ഡാര്‍ഡ് ആയ  LTE (Long Term Evolusion)ആണ്, റിലയന്‍സ് ബ്രോഡ് ബാന്‍ഡ് സേവനത്തിനായി ഉപയോഗിക്കുക. 3GPP (3rd Generation Partnership Projects-പ്രത്യേകിച്ച് ജപ്പാനിലെ NTT DOCOMO) വ്യവസ്സായ ഗ്രൂപ്പ് ആണ് ആദ്യമായി ഇത് അവതരിപ്പിച്ചതും തുടര്‍ന്നുള്ള സാങ്കേതിക സഹായങ്ങളും നല്കുന്നത്. 

             അതേ സമയംIEEE(Institute of Electrical and Electronics Engineers) അംഗീകരിക്കുന്നതും,  ഈ രംഗത്ത് LTEയുടെ എതിരാളിയുമായ വൈമാക്സ് (802.16e) ടെക്നോളജി ഉപയോഗിച്ച് ബി.എസ്.എന്‍.എല്‍.  4G വയര്‍ലസ്സ് ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ നല്കി വരുന്നുണ്ട്. നിലവില്‍ നമ്മുടെ കോഴിക്കോടു ജില്ലയില്‍ താമരശ്ശേരിയില്‍ വരെ ഇപ്പോള്‍ വൈമാക്സ് സേവനം ലഭ്യമാണ്. വൈകാതെ ഉള്‍ഗ്രാമങ്ങളിലേക്കും ബി.എസ്.എന്‍.എല്‍ ഈ സേവനം വ്യാപിപ്പിക്കും. സാങ്കേതികപരമായി നോക്കുമ്പോള്‍ 4G വയര്‍ലസ്സ് ബ്രോഡ് ബാന്‍ഡ് രംഗത്ത്  LTE തന്നെയാണ് വൈമാക്സിനെക്കാള്‍ മികച്ചത് എന്നാണ് പറയപ്പെടുന്നത്. അതേ സമയം 4Gയുടെ മറ്റു സ്റ്റാന്‍ഡേര്‍ഡുകളായ 802.20,HSDPA,TDD UMTS,UMTS മുതലായവയും  രംഗത്തുണ്ട്. 
             
                    നിലവില്‍  Tikona Digital Networks മുംബൈയില്‍ 4G വയര്‍ലസ്സ് ബ്രോഡ് ബാന്‍ഡ് സര്‍വീസ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. എയര്‍ടെല്‍ കൊല്‍ക്കത്തയില്‍ മെയ് മാസത്തോടെ 4G സര്‍വീസുകള്‍ ആരംഭിക്കും. ബ്രിട്ടീഷ് കമ്പനിയായ Augere, അമേരിക്കന്‍ കമ്പനിയായ Qualcomm  ഇന്ത്യന്‍ കമ്പനികളായ BSNL, Bharti Airtel, Aircel, MTNL,Tkona തുടങ്ങിയവര്‍ 2010ല്‍ നടന്ന ബ്രോഡ് ബാന്‍ഡ് ലേലത്തില്‍ ഇന്ത്യയിലെ വിവിധ സര്‍ക്കിളുകളില്‍  സര്‍വീസ് ആരംഭിക്കാന്‍ അവകാശം ലഭിച്ചവയാണ്. അതേ സമയം റിലയന്‍സിന്റെ  ഇന്‍ഫോടെല്ലിനു മാത്രമാണ്, എല്ലാ സര്‍ക്കിളുകളിലും സേവനം നല്കുവാനുള്ള അവകാശം ഒറ്റക്ക് ലഭിച്ചിരിക്കുന്നത്. ഏകദേശം 17600 കോടിയോളം രൂപ മുടക്കിയാണ് റിലയന്‍സ് ഇതു നേടിയെടുത്തത്. റിലയന്‍സ് ഇന്‍ഫോടെല്ലിനും ക്വാല്‍ക്കോമിനുമാണ് കേരളത്തില്‍ 4G ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. 4G ലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് നിലവില്‍ സംസാര സൌകര്യം  അനുവദിച്ചിട്ടില്ല. ഈ സേവനം നല്കുന്ന കമ്പനികള്‍  ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ഈ സൌകര്യം ലഭ്യമാകൂ.
      അതേ സമയം വേറൊരു ഭാഗത്ത് ഫൈബര്‍ ഒപ്റ്റിക്ക് കേബിള്‍  വഴി ഉയര്‍ന്ന ബാന്‍വിഡത്തോടു കൂടി ബി.എസ്.എന്‍.എല്‍ FTTH (Fiber To The Home ) സര്‍വീസ് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നടപ്പാക്കി തുടങ്ങിയിട്ടുമുണ്ട്.  ഫൈബര്‍ ഒപ്റ്റിക്സ് ഗവേഷണ മേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്ന വാര്‍ത്തകള്‍ ബ്രോഡ് ബാന്‍ഡ് രംഗത്ത് വളരെയേറെ പ്രതീക്ഷകള്‍ നല്കുന്നു. യൂറോപ്യന്‍ യൂണിവേഴ്സിറ്റികളുടെയും റിസേര്‍ച്ച് ഇന്‍റ്റിറ്റ്യൂട്ടുകളുടെയും സംയുക്ത പ്രൊജക്ടായ SARDANA മിന്നല്‍ വേഗത്തിലുള്ള ഇന്റെര്‍നെറ്റ്, ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ വഴി നല്കുവാന്‍ സാധിക്കും എന്നു കണ്ടെത്തിയിരിക്കുന്നു. അതായത് ഇന്നു നിലവിലുള്ളതിന്റെ രണ്ടായിരം ഇരട്ടി ഏകദേശം 10 (Gb) ജിഗാ ബൈറ്റ് സ്പീഡ് ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ വഴി നല്കുവാന്‍ സാധിക്കും. വരും വര്‍ഷങ്ങളില്‍ ഈ പുതിയ കണ്ടു പിടുത്തം  ലോകത്ത് വാര്‍ത്താ വിനിമയ രംഗത്തു തന്നെ വിപ്ലവമായി മാറുമെന്നു പ്രതീക്ഷിക്കാം. 
           4Gവയര്‍ലസ്സ് ബ്രോഡ് ബാന്‍ഡ് സര്‍വീസിനോടൊപ്പം FTTH സര്‍വീസും ഇന്ത്യയില്‍ നടപ്പാക്കുന്നത് ഇന്റെര്‍നെറ്റ് രംഗത്ത് നമ്മെ ലോക രാജ്യങ്ങളുടെ മുന്‍നിരയില്‍ എത്തിക്കും എന്നതില്‍ സംശയമില്ല.  ഏതു രംഗത്തായാലും കമ്പനികള്‍ മാര്‍ക്കറ്റു പിടിച്ചെടുക്കാന്‍ ഏതു തന്ത്രവും പ്രയോഗിക്കും, അത്തരത്തില്‍ താല്ക്കാലികമായ ഒരു ഓഫര്‍ മാത്രമാണോ റിലയന്‍സ് നല്കുന്നത് എന്ന് കാത്തിരുന്നു കാണുക തന്നെ ചെയ്യേണ്ടി വരും. എന്തു തന്നെയായാലും പൊതുവെ ഈ രംഗത്ത്  മത്സരം വരുന്നത് ഇന്ത്യയിലെ ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് നേട്ടമാവുക തന്നെ ചെയ്യും.




സിറില്‍ ജോര്‍ജ്   പാലക്കോട്ടില്‍  
     ബ്ലോഗ് അഡ്മിനിസ്ടേറ്റര്‍