FLASH NEWS കോഴിക്കോട് ജില്ലയില്‍ ഇന്നു വൈകുന്നേരം മുതല്‍ ശക്തമായ മഴ പെയ്യുന്നു. ജില്ലയുടെ മലയോര മേഖലകളിലും, തീരപ്രദേശങ്ങളടക്കം എല്ലായിടങ്ങളിലും മഴ പെയ്തു കൊണ്ടിരിക്കുകയാണ്. മലയോര മേഖലയില്‍ ഇടിമിന്നലിന്റെ അകമ്പടിയോടെ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. തിരുവമ്പാടി ടൌണില്‍ പെയ്ത മഴയില്‍ വെള്ളം ഉയര്‍ന്നത് ഗതാഗത തടസ്സം ഉണ്ടാക്കി.പുല്ലൂരാംപാറയിലും സമീപ പ്രദേശങ്ങളിലും ഇന്ന് ഉച്ച മുതല്‍ തന്നെ മഴ ആരംഭിച്ചിരുന്നു. ഇപ്പോള്‍ രാത്രിയിലും മഴ തുടരുകയാണ്. ഒരാഴ്ചയായി പ്രദേശത്ത് തുടര്‍ച്ചയായി വേനല്‍ മഴ ലഭിക്കുന്നത് അന്തരീഷ ഊഷ്മാവ് കുറയുന്നതിനും, പുഴകളില്‍ ഒഴുക്ക് വര്‍ദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്.

25 മേയ് 2013

സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ കുട്ടികള്‍.

             
             ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂള്‍ കോമ്പൌണ്ടില്‍ വെച്ചു നടന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയുടെ'  തുടര്‍ ചിത്രീകരണം കോഴിക്കോട് ടൌണില്‍ വെച്ചു നടന്നു. മെയ് മാസം 17ന് കോഴിക്കോട് സെന്റ് ജോസഫ്സ്  ബോയ്സ് സ്കൂളിലും, ബീച്ചിലുമായി നടന്ന ഷൂട്ടിംഗില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളും  അതേ സമയം മലബാര്‍ സ്പോര്‍ട്സ് അക്കാദമിയില്‍  പരിശീലനം നേടിക്കൊണ്ടിരിക്കുന്ന  ഏകദേശം പതിഞ്ചോളം കുട്ടികളും അവരുടെ പരിശീലകരും  പങ്കെടുത്തു. 


             
     രാവിലെ മുതല്‍ നടന്ന ഷൂട്ടിംഗില്‍ തങ്ങളുടെ ഭാഗം അഭിനയിക്കേണ്ടി വന്നത് വൈകുന്നേരമാണെങ്കിലും അതു  വരെ അക്ഷമരായി കാത്തു നില്ക്കുകയും തിരിച്ചു പോരുമ്പോള്‍ ഓരോരുത്തര്‍ക്കും ഇരൂന്നൂറ്റന്‍പതു രൂപ ലഭിച്ചത് ആശ്വാസമായി. എങ്കിലും കുട്ടികള്‍ക്ക് ഏറ്റവും നേട്ടമായത്  തങ്ങളുടെ പ്രിയ താരങ്ങളോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ സാധിച്ചതാണ്. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി, ടിനി ടോം, മീരാ നന്ദന്‍, തെസ്നി ഖാന്‍ എന്നിവര്‍ കുട്ടികളോടൊപ്പം  നിന്ന് ഫോട്ടൊ എടൂക്കാന്‍ തയാറായി. കൂടാതെ താരങ്ങള്‍ ഓട്ടോഗ്രാഫ് നല്കാനും മറന്നില്ല.


        പത്തനംതിട്ടയിലെ പ്ലാങ്കമണ്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളാണ് കോഴിക്കോട്ടും പരിസരപ്രദേശത്തുമായി ചിത്രീകരിച്ചത്. ഒരു ജര്‍മ്മന്‍ മലയാളിയായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രശസ്ത സംവിധായകന്‍ രഞ്ജിത് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായകനായ സൂപ്പര്‍സ്റ്റാര്‍  മമ്മൂട്ടിക്കു പുറമെ  ജയറാം, ജഗദീഷ്‌, നെടുമുടി വേണു, ബാലചന്ദ്ര മേനോന്‍,ടിനിടോം,ശങ്കര്‍ രാമക്യഷ്ണന്‍,നന്ദു, മീരനന്ദന്‍,  ശേഖര്‍ മേനോന്‍, കോട്ടയം നസീര്‍, ഹരിശ്രീ അശോകന്‍, രമേഷ്‌ പിഷാരടി, പ്രേം പ്രകാശ്‌, മുത്തുമണി തുടങ്ങിയവരും അതിഥിതാരമായി മോഹന്‍ലാല്‍, ദിലീപ്‌ എന്നിവരും  അഭിനയിക്കുന്നുണ്ട്. കൂടാതെ  'ഡാ തടിയാ' ഫെയിം ശേഖറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോള്‍ ജര്‍മ്മനിയില്‍ ചിത്രീകരണം തുടരുന്ന 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' ഓണച്ചിത്രമായാണ് തിയേറ്ററുകളിലെത്തുന്നത്.

Read more ...

23 മേയ് 2013

ചികിത്സ കഴിഞ്ഞു 'ബാബുലാല്‍' മടങ്ങി.


             മുളങ്കടവ്, പൊന്നാങ്കയം നിവാസികളുടെ മനം കവര്‍ന്ന കുസ്യതിക്കുറുമ്പന്‍ 'ബാബുലാല്‍' എന്ന ആനക്കുട്ടി മടങ്ങിപ്പോയി. കാലിലെ നീര്‍ക്കെട്ട് പൂര്‍ണ്ണമായും ഭേദമാകാത്തതിനാല്‍  ലോറിയിലായിരുന്നു മടക്കയാത്ര. ഓമശ്ശേരി സ്വദേശിയുടെ  അഞ്ചംഗ ആനക്കുടുംബത്തിലെ  ഒരംഗമാണ് ബാബുലാല്‍. പൊന്നാങ്കയം ഭാഗത്ത് തടിപിടിക്കാന്‍ വന്ന മറ്റ് ആനകളുടെ കൂടെ വന്നതായിരുന്നു കക്ഷി. പാപ്പാനെ അനുസരിക്കാന്‍ മടി' വിക്യതിത്തരങ്ങള്‍ ധാരാളം കൈവശം. അസഹ്യമായ ചൂടുകാരണം പുഴയില്‍ ഇറങ്ങിയാല്‍ തിരികെ കയറാന്‍ കൂട്ടാക്കില്ല. വെള്ളത്തിലെ കളി കൂടി അവസാനം മുന്‍കാലില്‍ നീര്‍ക്കെട്ടു വന്ന് നടക്കാന്‍ പറ്റാതെയായി. ഒരാഴ്ച്ചത്തെ ആയുര്‍വേദ ചികിത്സയുടെ ഫലമായി നടക്കാമെന്നായി. തുടര്‍ന്ന് വിശ്രമത്തിനും തുടര്‍ ചികിത്സക്കുമായി ലോറിയില്‍ വീട്ടിലേക്ക് മടക്കം. തേങ്ങയും പഴവുമൊക്കെ നല്കിയാണ്. അയല്‍ വീട്ടുകാര്‍ ബാബുലാലിനെ യാത്രയാക്കിയത്.

Read more ...

മലബാര്‍ സ്പോര്‍ട്സ് അക്കാദമി സമ്മര്‍ കോച്ചിംഗ് ക്യാമ്പ് പുരോഗമിക്കുന്നു.


           

        
          പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍  ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള സമ്മര്‍ കോച്ചിംഗ് ക്യാമ്പ് പുരോഗമിക്കുന്നു. അക്കാദമിയുടെ പരിശീലകരായ ടോമി ചെറിയാന്‍, സത്യന്‍, ജോസഫ് എന്നിവരാണ്. കോച്ചിംഗിന് നേത്യത്വം നല്കുന്നത്. രാവിലെ ആറു മണി  മുതല്‍ ഒന്‍പതു വരെ നടക്കുന്ന കോച്ചിംഗ് ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.


Read more ...

22 മേയ് 2013

കോടഞ്ചേരി-ചെമ്പുകടവ് റോഡില്‍ തുടര്‍ച്ചയായി വാഹനാപകടങ്ങള്‍.


        
      കാപ്പാട്-തുഷാരഗിരി സംസ്ഥാന പാതയുടെ ഭാഗമായ കോടഞ്ചേരി-ചെമ്പുകടവ് റോഡില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ തിങ്കളാഴ്ച ദിവസം മാത്രമായി മൂന്ന് അപകടങ്ങളാണ് ഈ റോഡില്‍ സംഭവിച്ചത്. ഈ അപകടങ്ങളില്‍  നിരവധി പേര്‍ക്കാണ് പരിക്കു പറ്റിയത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ്  പാലക്കല്‍  ഭാഗത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടി മുട്ടി  രണ്ടു പേര്‍ക്കു പരിക്കു പറ്റി. വൈകിട്ട് അഞ്ചരയോടെ  നൂറാനിപ്പടിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്കാണ് പരിക്കു പറ്റിയത്. ഇതേ ദിവസം രാത്രി പത്തു മണിയോടെ പുലിക്കയം പാലത്തിനു സമീപം ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് പുലിക്കയം പാലത്തിന്റെ അപ്രോച്ച് റോഡില്‍ നിന്നും താഴേക്ക് മറികയുണ്ടായി ഈ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.


           സംസ്ഥാന പാതയായി പ്രഖ്യാപിച്ച ഈ റോഡ് അടുത്തയിടെ ആധുനിക രീതിയില്‍ വീതി കൂട്ടി നവീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ റോഡില്‍ വാഹനങ്ങള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതാണ് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണം. റോഡിന്റെ നിലവാരം വര്‍ധിച്ചതോടെ പുല്ലൂരാംപാറ, തിരുവമ്പാടി, കൂടരഞ്ഞി, കൂമ്പാറ  ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ക്ക് അടിവാരത്തെത്താനുള്ള ഏറ്റവും  എളുപ്പമുള്ള വഴിയായി മാറിയതോടെ ഈ റോഡില്‍ വാഹനത്തിരക്ക് വര്‍ധിച്ചിരുന്നു. നിലവില്‍ പുലിക്കയം മുതല്‍ തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം വരെയുള്ള ഭാഗമാണ് ആധുനിക രീതിയില്‍ പുതുക്കി പണിതിട്ടുള്ളത്.  വാഹനാപകടങ്ങള്‍ വര്‍ധിച്ചതോടെ തുഷാരഗിരിയിലേക്കു വരുന്ന  ടൂറിസ്റ്റുകളടക്കമുള്ള ആളുകള്‍ സഞ്ചരിക്കുന്ന റോഡില്‍ സ്പീഡ് നിയന്ത്രണത്തിനുള്ള സംവിധാനങ്ങള്‍ ഘടിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

 
Read more ...

20 മേയ് 2013

പൌരോഹിത്യ ശുശ്രൂഷയിലൂടെ സംഗീതവഴിയില്‍ ഫാ. ലിജേഷ് പനക്കവയലില്‍.



                ദൈവസ്നേഹ സന്ദേശം ഉള്‍ക്കൊള്ളുന്ന  ഗാനങ്ങളുമായി 'സാന്ദ്ര സ്നേഹം' എന്ന സംഗീത ആല്‍ബത്തിലൂടെ മലയാള ക്രിസ്തീയ ഭക്തിഗാന രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ് ഫാ.ലിജേഷ് പനക്കവയലില്‍ (MST). പുല്ലൂരാംപാറ സ്വദേശിയായ ഫാ.ലിജേഷ്   മഹാരാഷ്ട്രയിലെ കോലാപ്പൂരിലുള്ള കൊടോളി പള്ളി വികാരിയായായി സേവനമനുഷ്ഠിച്ചു വരികയാണ്.  ദൈവസ്നേഹത്തെ വര്‍ണ്ണിച്ചു കൊണ്ടുള്ള ഈ ഗാനസമാഹാരം പ്രധാനമായും  ദിവ്യബലിക്കിടയില്‍ ആലപിക്കാനുദ്ദേശിച്ചു കൊണ്ടു തയാറാക്കിയിട്ടുള്ളതാണ്. കൂടാതെ  ആരാധനയ്ക്കും ബൈബിളടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഫോക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയവയ്ക്കുള്ള ഗാനങ്ങളും ഈ സംഗീത ആല്‍ബത്തിലുണ്ട്. 
             പതിനഞ്ചോളം ഗാനങ്ങളാണ് ഈ സംഗീത ആല്‍ബത്തിലുള്ളത് ഇതില്‍ പത്തോളം ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ഫാ.ലിജേഷാണ്. കൂടാതെ ഫാ.അശോക് കൊല്ലംകുടി (MST), ഫാ.ഷൈജു കാട്ടയത്ത്, ജേക്കബ് കൊരട്ടി, ജോസഫ് മാത്യു പടിഞ്ഞാറത്തറ, ആന്റോ തേവലക്കാട്ട് എന്നിവരും ഈ സംഗീത ആല്‍ബത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കാളികളാണ്. മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരായ കെ.ജി.മാര്‍ക്കോസ്, കെസ്റ്റര്‍, ബിജു നാരായണന്‍, വില്‍സണ്‍ പിറവം, നാരായണ്‍ ക്യഷ്ണ, ഫ്രാങ്ക്ളിന്‍, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം  അമ്യത സുരേഷ്, ഇന്‍ഡ്യന്‍ വോയിസ് ഫെയിം സെലിന്‍ ജോസ് എന്നിവരാണ് ഈ സംഗീത ആല്‍ബത്തിനായി ആലാപനം ചെയ്തിട്ടുള്ളത്.


         പുല്ലൂരാംപാറ പനക്കവയലില്‍ പി.റ്റി. ജോസഫ്-ലിസമ്മ ദമ്പതികളുടെ മൂത്തമകനായ ഫാ. ലിജേഷ് പത്താം ക്ലാസ് പാസ്സായ ശേഷം MST (St.Thomas Missionary society) വേണ്ടി സെമിനാരിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. ഭരണങ്ങാനത്തെ മേലമ്പാറ സെമിനാരിയിലും, പിന്നീട് മൈസൂരിലും, ഉജ്ജൈയിനിലുമായി സെമിനാരി പഠനം പൂര്‍ത്തിയാക്കി. 2010 ല്‍ താമരശ്ശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ നിന്നു വൈദിക പട്ടം  സ്വീകരിക്കുകയുണ്ടായി. തുടര്‍ന്ന് കല്യാണ്‍ രൂപതയില്‍ സാങ്ളി മിഷനു  കീഴില്‍ തന്റെ പൌരോഹിത്യ ജീവിതം ആരംഭിക്കുകയും ചെയ്തു.




             ഫാ.ലിജേഷ് പനക്കവയലില്‍ സംഗീതം പകര്‍ന്ന ഒരു മറാത്തി ഭക്തിഗാനം 

         ചെറുപ്പകാലം മുതല്‍ സംഗീതത്തില്‍ താല്പര്യമുണ്ടായിരുന്ന ഫാ.ലിജേഷിന്  അക്കാലത്ത് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ സെമിനാരി പഠന കാലത്ത് അദ്ദേഹത്തിന്റെ സംഗീത വാസന മനസ്സിലാക്കിയ മേലധികാരികള്‍ പ്രോത്സാഹനം നല്കുകയുണ്ടായി. സെമിനാരിയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും സംഗീത മേഖലയില്‍ ആവോളം പിന്തുണ കിട്ടിയ അദ്ദേഹത്തിന്റെ ആദ്യ സംരംഭമായി  2005 ല്‍   ' ദിവ്യധാര എന്ന പേരില്‍ ഒരു ഹിന്ദി ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുകയുണ്ടായി. തുടര്‍ന്ന് ഹിന്ദിയിലും, മറാത്തിയിലുമായി നിരവധി സംഗീത ആല്‍ബങ്ങള്‍ തയാറാക്കി. 'സാന്ദ്രസ്നേഹം'  എന്ന പേരില്‍ ഇപ്പോള്‍ തയാറാക്കിയിട്ടുള്ള സംഗീത ആല്‍ബം ഫാ. ലിജേഷിന്റെ അഞ്ചാമത്തെ ഭക്തിഗാന ആല്‍ബവും, മാത്യഭാഷയില്‍ ആദ്യത്തേതുമാണ്. ഈ ആല്‍ബം അനോന ക്രിയേഷന്‍സിന്റെ ബാനറില്‍  മെയ് മാസം 28ന് ഔദ്യോഗികമായി പുറത്തിറങ്ങും.

 
സാന്ദ്രസ്നേഹത്തിന്റെ  യുട്യൂബ് ട്രെയിലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഫാ. ലിജേഷ് പനക്കവയലില്‍ സംഗീതം പകര്‍ന്നിട്ടുള്ള ആല്‍ബങ്ങള്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സൌണ്ട് ക്ലൌഡിലൂടെ നിങ്ങള്‍ക്ക് കേള്‍ക്കാം
Read more ...

19 മേയ് 2013

ഫലവ്യക്ഷത്തൈകള്‍ വിതരണം ചെയ്തു....



                കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2012-13 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വനിതകള്‍ക്കുള്ള ഫലവ്യക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം കൂടരഞ്ഞി ക്യഷിഭവന്‍ അങ്കണത്തില്‍ വെച്ച് ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ നിര്‍വഹിച്ചു. കൂടരഞ്ഞി ക്യഷിഭവന്‍ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു താമരക്കുന്നേല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാനിബ ഷാഹിദ്, മെംബര്‍മാരായ ജാന്‍സി ബാബു, സരോജിനി കാരിക്കുന്ന്, സൂസമ്മ മാത്യു, കാര്‍ഷിക വികസന സമിതി അംഗം തോമസ് ആലനോലിക്കല്‍, ക്യഷി അസ്സിസ്റ്റന്റുമാരായ ജോഷി കെ, മോഹന്‍ദാസ് കെ, മിഷേല്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.  ഗുണഭോക്ത്യ വിഹിതം അടച്ച വനിത കര്‍ഷകര്‍ക്കാണ്  പദ്ധതി പ്രകാരം ഫലവ്യക്ഷ തൈകളായ അല്‍ഫോന്‍സ മാവിന്‍തൈ, ഹൈബ്രിഡ് സപ്പോട്ട, നെല്ലി എന്നിവ വിതരണം ചെയ്തത്.


Read more ...

മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള പുരസ്കാരം എന്‍. കെ. ഹരികുമാറിലൂടെ തിരുവമ്പാടി ക്യഷിഭവനിലേക്ക് ....

              
എന്‍. കെ. ഹരികുമാര്‍
                   തിരുവമ്പാടിക്കാര്‍ക്ക് അഭിമാനിക്കാന്‍ ഒരു അവാര്‍ഡ് കൂടി. ജില്ലയിലെ മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള പുരസ്കാരമാണ് തിരുവമ്പാടി ക്യഷിഭവനിലെ ക്യഷി അസ്സിസ്റ്റന്റായ എന്‍. കെ. ഹരികുമാറിനെ തേടിയെത്തിയിരിക്കുന്നത്. കഠിനാദ്ധ്വാനവും പരിശ്രമവും കൈമുതലായി കര്‍ഷകര്‍ക്ക് വേണ്ടി ക്യഷിഭവനില്‍ സേവനം ചെയ്തതിനുള്ള പുരസ്കാരമാണ് ജില്ലാതലത്തില്‍ ഹരികുമാറിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ക്യഷിനാശം ചിട്ടപ്പെടുത്തി നഷ്ടപരിഹാരം നല്‍കുന്നതിന്  അവിശ്രമം സേവനം ചെയ്തും  ക്യഷിഭവനുകളിലെ നിരവധി പദ്ധതികള്‍ മികച്ചരീതിയില്‍ നടത്തുന്നതിന് ക്യഷി ഓഫീസറായ പി പ്രകാശിനൊപ്പം പരിശ്രമിക്കുകയും ചെയ്തുകൊണ്ടാണ് ഹരികുമാര്‍ ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. കോടഞ്ചേരി പഞ്ചായത്തിലെ മുറമ്പാത്തി സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ മാനിപുരത്താണ് സ്ഥിര താമസമാക്കിയിരിക്കുന്നത്. ഏഴാം സ്റ്റാന്‍ഡേര്‍ഡ് വരെ പുല്ലൂരാംപാറ സെന്റ്.ജോസഫ്സ് യു.പി സ്കൂളിലാണ് അദ്ദേഹം പഠിച്ചതെന്ന് പുല്ലൂരാംപാറക്കാര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. ക്യഷി അസ്സിസ്റ്റന്റുമാര്‍ക്ക്  ആദ്യമായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഈ ജില്ലയില്‍ ഹരികുമാറിനെ തേടിയെത്തിയിരിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പുരസ്കാരത്തിനുണ്ട്.
Read more ...